കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ ഇതൊന്ന് ശ്രദ്ധിക്കണം

കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ വരുത്തുന്ന വലിയൊരു പിശകാണ് അളവിലെ പിഴവ്. അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ മരുന്ന് കുഞ്ഞിന്റെയുള്ളിലെത്തുന്നു. മരുന്ന് കൊടുക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് സ്പൂണിന്റെ അളവില്‍ നിന്നു മൂന്ന് ശതമാനം വ്യത്യാസം മറ്റു സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ ഉണ്ടാകും.കഴിവതും മരുന്നിനോടൊപ്പംതന്നെ അളക്കാനുള്ള ഉപകരണവും വാങ്ങുക. ഒരു വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്പൂണില്‍ മരുന്ന് കൊടുക്കുന്നതിനു പകരം ഡ്രോപ്പറിലോ സിറിഞ്ചിലോ മരുന്ന് കൃത്യമായി അളന്നെടുത്ത്, സ്പൂണിലോ ഗ്ലാസിലോ ഒഴിച്ച് നല്‍കുന്നതായിരിക്കും ഉത്തമം. മരുന്നിന്റെ കവറില്‍ ടീ സ്പൂണെന്നും ടേബിള്‍ സ്പൂണെന്നും എഴുതുന്നത് തമ്മില്‍ സാമ്യമുള്ളതിനാല്‍, അവ തമ്മില്‍ മാറി പോകാതെ ശ്രദ്ധിച്ചു വായിച്ചിട്ട് മരുന്ന് നല്‍കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ സമയം തെറ്റാതെ കൊടുക്കേണ്ടത് നിര്‍ബന്ധമാണ്. പ്രത്യേകിച്ചും ആന്റിബയോട്ടിക്കുകള്‍ കൃത്യമായി 8 മണിക്കൂര്‍ ഇടവേളകളില്‍ നല്‍കണം. സമയക്രമം തെറ്റുന്നത് ബാക്ടീരിയകള്‍ പെരുകുന്നതിനും വൈറസുകള്‍ ആന്റിബയോട്ടിക്കുകളോട് ചെറുത്തുനില്‍ക്കുന്നതിനും കാരണമാവും. അതോടെ കുട്ടിക്ക് അസുഖം വീണ്ടും കൂടാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ മൂന്നുനേരം കൊടുക്കണമെന്ന് നിര്‍ദേശിക്കുന്ന മരുന്നുകള്‍ മൂന്നുനേരം തന്നെ കൊടുക്കണം. അസുഖത്തിന് താല്‍ക്കാലിക ശമനമാവുന്നതുകൊണ്ട് മരുന്ന് കൊടുക്കാന്‍ മറന്നുപോയാല്‍ അതുസാരമില്ലെന്ന് കരുതരുത്. ചില മരുന്നുകള്‍ അസുഖം കുറയുന്നപക്ഷം കൊടുക്കേണ്ടതില്ലെങ്കില്‍ അക്കാര്യം ഡോക്ടര്‍ പ്രത്യേകം നിര്‍ദേശിക്കും. തൊണ്ട വേദനയും ചുമയുമുണ്ടെന്നു കുഞ്ഞു പറഞ്ഞാല്‍ ഉടന്‍ തന്നെ മുന്‍പ് അവന്റെ ചേച്ചിക്കു വന്ന തൊണ്ടവേദനയുടെ മരുന്ന് എടുത്ത് കൊടുക്കുന്നത് മിക്ക മാതാപിതാക്കളുടെയും ശീലമാണ്. അസുഖം വഷളാവുമ്പോള്‍ മാത്രമാണ് കൊടുത്ത മരുന്നിന്റെ അമളി പലര്‍ക്കും മനസ്സിലാവുന്നത്. ലക്ഷണങ്ങള്‍ ഒരുപോലെ കാണിച്ചാലും പലപ്പോഴും അസുഖം പലതാകാം. ഇതു മനസ്സിലാക്കി ചികിത്സിക്കാന്‍ ഒരു ഡോക്ടറിനേ കഴിയൂ. ചുമ വരുമ്പോള്‍ ഉടന്‍ തന്നെ വീട്ടില്‍ നെബുലൈസര്‍ വാങ്ങി കുട്ടിയെ നെബുലൈസ് ചെയ്യുന്ന അച്ഛനമ്മമാര്‍ ഇന്ന് എണ്ണത്തില്‍ കൂടുതലാണ്. ആസ്മയും വീസിങ്ങും വരുമ്പോഴാണ് നെബുലൈസര്‍ ഉപയോഗിക്കാന്‍ പറയുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരിക്കലും ഇ ത്തരം കാര്യങ്ങള്‍ ചെയ്യരുത്. പനിയും ചുമയും വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്ന് വാങ്ങി കൊടുക്കുന്നതിലും അപകടമുണ്ട്.

Related posts