ഓണത്തിന് സൂപ്പര്‍ ഓഫറുകളുമായി വണ്ടിക്കമ്പനികള്‍

ഓണക്കാലമായി. പല വിപണികളും ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. കടുത്ത മാന്ദ്യത്തിലാണ് വാഹനവിപണി. എങ്കിലും മികച്ച ഓഫറുകളുമായി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് പല വാഹന നിര്‍മ്മാതാക്കളും. അവയില്‍ ചിലവയെ പരിചയപ്പെടാം.

വന്‍ വിലക്കിഴിവുമായി ഹ്യുണ്ടായി
വിവിധ മോഡലുകള്‍ക്ക് 30,000 രൂപ മുതല്‍ 1,21,000 രൂപ വരെയുള്ള വന്‍ വിലക്കിഴിവാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. 1,21,000 രൂപയുടെ ഡിസ്‌കൗണ്ട് ഗ്രാന്‍ഡ് ഐ10′ മോഡലിനാണ്. ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ ഉറപ്പുള്ള സമ്മാനവും വാഹനത്തിന്റെ ഡെലിവറിക്ക് ടെലിവിഷന്‍, ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങളും ലഭിക്കും. ഒപ്പം 100 ശതമാനം വരെ ഓണ്‍റോഡ് ഫിനാന്‍സ് സൗകര്യവുമുണ്ട്.

മാരുതിയുടെ ഓണവില്ല്
സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറായ ഓണവില്ലിലൂടെ ബമ്പര്‍ സമ്മാനമായി പുതിയ അള്‍ട്ടോ കാറാണ് ഇന്ത്യന്‍ വാഹനവിപണിയുടെ രാജാവായ മാരുതിയുടെ വാഗ്ദാനം. ഒപ്പം ബുക്ക് ചെയ്യുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍ക്ക് പുറമെ പ്രഷര്‍ കുക്കര്‍, ടി വി തുടങ്ങിയവയും ലഭിക്കും.

ടൊയോട്ടയുടെ ഓഫറുകള്‍
വിവിധ മോഡലുകള്‍ക്ക് 28,000 രൂപ മുതല്‍ 2,20,000 രൂപ വരെയുള്ള വിലക്കിഴിവാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്നത്. വിലക്കിഴിവും എക്സ്‌ചേഞ്ച് ബോണസും ലോയല്‍റ്റി ബെനഫിറ്റ്‌സും കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ഈ ഓഫര്‍.

വിവിധ ഓഫറുകളുമായി ടാറ്റ
ടാറ്റയുടെ ഫുള്‍ ചിയര്‍ ഓഫറിലൂടെ മൂന്നുവര്‍ഷത്തെ ഫുള്‍ വാറന്റിയും റോഡ്സൈഡ് അസിസ്റ്റന്‍സും ലഭിക്കും. വാറന്റി മൂന്നില്‍ നിന്നും അഞ്ചുവര്‍ഷം വരെ കൂട്ടാനും സാധിക്കും. 100 ഗ്രാം വരെ സ്വര്‍ണനാണയം ലഭിക്കാന്‍ നറുക്കെടുപ്പുമുണ്ട്.

എക്സ്ചേഞ്ച് ബോണസുമായി മഹീന്ദ്ര
വിവിധ മോഡലുകള്‍ക്ക് 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഗ്ദാനം. ഈ ആനുകൂല്യങ്ങളില്‍ വിലക്കിഴിവും എക്സ്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ബോണസും അടങ്ങും.

ഫോര്‍ഡിന്റെ വക സൗജന്യ സിങ്കപ്പൂര്‍ ട്രിപ്പ്
ഉറപ്പായ സമ്മാനവും ലക്കി ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരമോ 10,000 രൂപയുടെ വിലക്കിഴവോ ആണ് ഫോര്‍ഡിന്റെ വാഗ്ദാനം. ലക്കി ഡ്രോയിലൂടെ സൗജന്യ സിങ്കപ്പൂര്‍ യാത്ര, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയവയും സ്വന്തമാക്കാം.

Related posts