ഓം ബുള്ളറ്റ് ബാബാ! ബുള്ളറ്റ് ദൈവമാണ് ഇവരുടെ സംരക്ഷകന്‍; ഏറെ വിചിത്രമായ വിശ്വാസവുമായി ഒരു ക്ഷേത്രം

NCRP0170875

ഇന്ത്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മിത്തുകളുടെ ഒരു കൂടാരം തന്നെ നമുക്ക് അറിയാന്‍ സാധിക്കും. യാഥാര്‍ത്ഥ്യ ബോധത്തിന് ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ പറ്റാത്ത കെട്ടുകഥകള്‍ പക്ഷേ ഒരു സമൂഹത്തിന്റെ ഏറ്റവും മഹത്തായ വിശ്വാസങ്ങളില്‍ ഒന്നായിരിക്കും. ഇത്തരം വിശ്വാസങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ബുള്ളറ്റ് ബാബ ക്ഷേത്രം
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മരണപ്പെട്ട ഓം ബന്നയ്ക്ക് വേണ്ടി നിര്‍മിച്ചതാണ് ബുള്ളറ്റ് ക്ഷേത്രം. തന്റെ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഓം സിംഗ് റാത്തോര്‍ പാലി- ജോധ്പൂര്‍ പാതയിലെ റോഹത്ത് എന്ന പ്രദേശത്ത് നിന്നും ബൈക്കിന്റെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ റാത്തോര്‍ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്നും അയാളുടെ ബൈക്കും പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് അയാളുടെ പേര് ഓം സിംഗ് റാത്തോറാണെന്ന് മനസിലായത്.
അപകടത്തില്‍ പെട്ട ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തൊട്ടടുത്ത ദിവസം ബൈക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി അപകടം നടന്ന സ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തി. ആരോ ബൈക്ക് മോഷ്ടിച്ചെന്ന ധാരണയില്‍ പൊലീസ് വീണ്ടും ബൈക്ക് സ്റ്റേഷനില്‍ കൊണ്ട് വന്നു. തിരികെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ബുള്ളറ്റ് ഇനി ആരും കടത്തിക്കൊണ്ടു പോകരുതെന്നു കരുതി അതിലെ പെട്രോള്‍ മുഴുവന്‍ ഊറ്റിയ ശേഷം ചങ്ങലയും പൂട്ടും ഇട്ട് ഭദ്രമായി പൂട്ടി വച്ചു. എന്നാല്‍ അത് കൊണ്ടും ഫലമുണ്ടായില്ല. ബൈക്ക് വീണ്ടും അപ്രത്യക്ഷമാവുകയും അപകടം സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയതു.
അതോടെ ഗ്രാമവാസികളുടെ മനസില്‍ ഒരു വിശ്വാസം ജനിക്കുകയായിരുന്നു. റാത്തോറിന്റെ ആത്മാവ് ആ ബൈക്കിലുണ്ടെന്ന വിശ്വാസം. റാത്തോര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് തന്നെ മറ്റൊരാള്‍ അപകടത്തില്‍ പെടുകയും അയാള്‍ക്ക് സഹായം ചെയ്തത് റാത്തോര്‍ ആണെന്നുമുള്ള കഥകള്‍ പടര്‍ന്നതോടെ സമീപവാസികളുടെ വിശ്വാസം വര്‍ദ്ധിച്ചു. തുടര്‍ന്ന് പതിയെ റാത്തോറിന്റെ പേരില്‍ അവിടെ ഒരു ക്ഷേത്രമുയര്‍ന്നു. ഓം സിംഗ് റാത്തോര്‍ ഓം ബന്ന എന്ന് അറിയപ്പെടാന്‍ തുടങ്ങി.കൂടാതെ മറ്റു ചിലര്‍ അദ്ദേഹത്തെ ബുള്ളറ്റ് ബാബ എന്നും വിളിച്ചു.
ഇന്ന് ബാബ ക്ഷേത്രം ആരാധനാലയവും രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. ഇപ്പോള്‍ ഓം ബന്നയുടെ ബുള്ളറ്റിന് ഗ്‌ളാസ് കൊണ്ട് ഒരു സംരക്ഷണ കവചവും ഒരുക്കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും പൂജകളും പ്രാര്‍ത്ഥനകളും ഇവിടെ നടക്കുന്നു. ഓം ബന്നയുടെ വണ്ടി ഇടിച്ചതെന്ന് വിശ്വസിക്കുന്ന മരവും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട് ഇവിടെ. ബുള്ളറ്റ് ബാബ സത്യമായാലും മിഥ്യയായാലും ഇവിടുത്തുകാര്‍ക്ക് തങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്ന ശക്തിയാണത്…

Related posts