ഐശ്വര്യയുടെ മാനേജര്‍ക്ക് പൊള്ളലേറ്റു; രക്ഷിച്ചത് ഷാരൂഖ്

ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി ഒരു വലിയ പാര്‍ട്ടി നടത്തിയിരുന്നു. ഷാരൂഖ് ഖാന്‍, കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ആഘോഷത്തിനിടയില്‍ ഒരു അപകടമുണ്ടായെന്നും ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു.

പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോള്‍ ആശുപത്രിയിലാണ്. അണുബാധയെ തുടര്‍ന്ന അര്‍ച്ചന ഐ.സി.യുവില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞു പോയിരുന്നു. 20 വര്‍ഷമായി ഐശ്വര്യയ്‌ക്കൊപ്പമുള്ള ആളാണ് അര്‍ച്ചന.

Related posts