ഐപിഎല്ലിന് തയാറാകുവാന്‍ കളിക്കാരോട് ഓസ്‌ട്രേലിയ

ടി20 ലോകകപ്പ് നടക്കുമോ എന്നതിനെകുറിച്ച് ഐസിസി വ്യക്തത വരുത്തുന്നതിന് മുന്‍പ് ടൂര്‍ണമെന്റ് നടന്നേക്കില്ലെന്ന് സൂചിപ്പിച്ച് ഓസ്‌ട്രേലിയ. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ചാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ലോകകപ്പ് നീട്ടിവെക്കുന്നതിനെക്കുറിച്ച് ഐസിസി ആലോചിച്ച് വരികയാണ്. ഇതിനിടയിലാണ് ഓസ്‌ട്രേലിയ ലോകകപ്പ് നടക്കില്ലെന്ന സൂചന നല്‍കിയത്. സപ്തംബറിന് ശേഷം ഐപിഎല്ലിന് ഒരുങ്ങാമെന്ന് കളിക്കാരോട് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ അവര്‍ക്ക് അതിനായി ഇനി തയ്യാറെടുക്കാം. ഐപിഎല്‍ ഇന്ത്യയില്‍വെച്ച് നടക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ന്യൂസിലന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഐപിഎല്‍ നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ടി20 ലോകകപ്പ് നടന്നില്ലെങ്കില്‍ ആ സമയത്ത് മറ്റ് രാജ്യങ്ങളില്‍ ക്രിക്കറ്റ് പരമ്പരയില്ല എന്നതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കും. ബിസിസിഐ ഇത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാകും ഐപിഎല്ലിന്റെ സാധ്യത. ഇന്ത്യയില്‍ നടത്താന്‍ പ്രാഥമിക പരിഗണന നല്‍കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, കൊവിഡ് രൂക്ഷമായതിനാല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്താനും സാധ്യതയുണ്ട്.
ഓസ്‌ട്രേലിയയിലും കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ടി20 ലോകകപ്പ് ശരിയായ രീതിയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടാണ്. കളിക്കാരുടെ വരവും ക്വാറന്റൈനും ആരോഗ്യസുരക്ഷയുമെല്ലാം പ്രധാനമാണെന്നിരിക്കെ ഇത്രയും കളിക്കാര്‍ക്ക് വലിയ രീതിയിലുള്ള സൗകര്യമൊരുക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ലോകകപ്പ് ഈ വര്‍ഷം ഉപേക്ഷിക്കാനാണ് ഓസ്‌ട്രേലിയയുടെ ആലോചന. ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോകകപ്പ് നടത്താനാകുമോ എന്ന് ഐസിസി പരിശോധിക്കും. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ ടൂര്‍ണമെന്റ് നടത്തിപ്പ് എളുപ്പമല്ല.

Related posts