എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം നിര്‍ത്തുന്നു,

എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനങ്ങള്‍ ഒഴിവാക്കുന്നു. 3ജി സാങ്കേതിക വിദ്യ ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്പനിയുടെ ഈ നീക്കം. എയര്‍ടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്വര്‍ക്കിലായിരിക്കും ലഭിക്കുക. എയര്‍ടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. അതേസമയം എയര്‍ടെല്‍ കേരളത്തിലെ 2ജി സേവനങ്ങള്‍ തുടരും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുന്നില്‍ കണ്ടാണിത്. 3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളോട് ഹാന്‍ഡ് സെറ്റുകളും സിമ്മുകളും അപ്‌ഗ്രേഡ് ചെയ്യാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹാന്‍ഡ്‌സെറ്റ്/സിം അപ്‌ഗ്രേഡ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അതിവേഗ ഡേറ്റാ കണക്റ്റിവിറ്റി ലഭിക്കില്ല. അതായത് 3ജി ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇനി അതിവേഗ ഇന്റര്‍നെറ്റ് എയര്‍ടെലില്‍ നിന്നും ലഭിക്കില്ല. 2ജി നെറ്റ് വര്‍ക്ക് മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍ ഉന്നത നിലവാരത്തിലുള്ള വോയ്‌സ് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും. എയര്‍ടെല്‍ കേരളത്തിലെ 2100 മെഗാഹെര്‍ട്‌സ് വരുന്ന 3ജി ബാന്‍ഡ് ഇനി 4ജി നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്താനായി ഉപയോഗിക്കും. 3ജി സ്‌പെക്ട്രം 4ജിയിലേക്ക് മാറ്റുന്നതോടെ നെറ്റ്വര്‍ക്ക് ശേഷി ഉയരുകയും 4ജിയുടെ ലഭ്യത വിപുലമാകുകയും ചെയ്യും. കെട്ടിടങ്ങള്‍ക്ക് അകത്തും ഓഫീസുകളിലും മാളുകളിലും പുറത്ത് പ്രത്യേകിച്ച് യാത്രാവേളകളിലും കവറേജ് മെച്ചപ്പെടുമെന്നും എയര്‍ടെല്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നഗരങ്ങളിലെയും പ്രാന്തപ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഭാരതി എയര്‍ടെല്‍ കേരള, സി.ഒ.ഒ. യു.നാഗാനന്ദ പറഞ്ഞു.

എയര്‍ടെല്‍ 3ജി സിം 4ജി ആക്കി മാറ്റാനുള്ള നടപടികള്‍

. 3ജി സിം 4ജി സിം ആക്കി മാറ്റാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.
. എയര്‍ടെല്‍ സ്റ്റോര്‍ നിങ്ങളുടെ എയര്‍ടെല്‍ 3ജി സിം 4ജിയിലേക്ക് മാറ്റും
. എയര്‍ടെല്‍ 4ജി സിം റിക്വസ്റ്റിനുള്ള നടപടി ക്രമങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്
. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ 4ജിയിലേക്ക് മാറിയോ എന്ന് പരിശോധിക്കാന്‍ വെബ്‌സൈറ്റ് വഴി സാധിക്കും. മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്ത് പരിശോധിക്കാന്‍ 4-5 സെക്കന്‍ഡ് എടുക്കും.
. സിം 4ജി അല്ലെങ്കില്‍ മറ്റൊരു സിമ്മിന് അപേക്ഷിക്കാം. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ എയര്‍ടെല്‍ 4ജി സിം ഡെലിവര്‍ വിശദാംശങ്ങള്‍ നല്‍കുക
. നിങ്ങളുടെ പുതിയ സിം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ 12-24 മണിക്കൂര്‍ എടുക്കും

Related posts