എന്റെ ആത്മവിശ്വാസത്തിന് കാരണക്കാര്‍’ ആകാശഗംഗ കണ്ട് പേടിച്ചവരാണ്

20 വര്‍ഷം മുന്‍പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആകാശഗംഗ. അക്കാലത്ത് ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ആകാശഗംഗ 2 എന്ന പേരില്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ സംവിധായകന്‍ വിനയന്‍ സംസാരിക്കുന്നു.

20 വര്‍ഷം…

ആകാശഗംഗ ആദ്യഭാഗം വലിയ വിജയമായപ്പോള്‍ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സിനിമയ്ക്ക് ഒരു സെക്കന്റ് പാര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞ് എന്നെ ഒരുപാട് പേര്‍ സമീപിച്ചിരുന്നു. ആ സമയത്ത് ഞാന്‍ പ്രണയനിലാവ്, ഇന്റിപെന്‍ഡന്‍സ് ഡേ തുടങ്ങിയ ചിത്രങ്ങളുടെ മുന്നൊരുക്കത്തിലായിരുന്നു. നിര്‍മാതാക്കളുമായി കരാര്‍ ആകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആകാശഗംഗ എനിക്ക് പെട്ടന്ന് തുടങ്ങാന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞാണ് തരുണിയെ പ്രധാന കഥാപാത്രമാക്കി വെള്ളിനക്ഷത്രം എന്ന ഹൊറര്‍ സിനിമ ചെയ്യുന്നത്. പിന്നീട് പല പ്രശ്‌നങ്ങള്‍ കാരണം നീണ്ടുപോയി. ചാലക്കുടി ചങ്ങാതിക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നമായതോടെ അത് വൈകി. അങ്ങനെ ഇരിക്കുമ്പോഴാണ് ആകാശഗംഗ വീണ്ടും എനിക്ക് മുന്നിലെത്തുന്നത്. ഒരു ഹൊറര്‍ സിനിമയ്ക്ക് ഇവിടെ സ്‌പേസ് ഉണ്ടെന്ന് എനിക്കും തോന്നി.

എന്റെ കരിയറിലെ വഴിത്തിരിവ്

ആകാശഗംഗയുടെ ആദ്യഭാഗം ഇറങ്ങിയ സമയത്ത് ഞാന്‍ ആശുപത്രിയിലായിരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് കിടക്കുകയായിരുന്നു. സിനിമ വിജയമായ വിവരം മറ്റുള്ളവര്‍ ആശുപത്രിയില്‍ വന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും വലിയ ഒരു വിജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നിര്‍മാതാവ് ഞാന്‍ തന്നെ ആയിരുന്നതിനാല്‍ അതെനിക്ക് വല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയത്. ആ കാലത്ത് അത് വളരെ പുതുമയുള്ള ഒരു ചിത്രമായിരുന്നു. ഏഴിലം പാലയില്‍ യക്ഷി വരുന്നതിനെക്കുറിച്ച് നമ്മള്‍ കഥകള്‍ കേട്ടിട്ടുണ്ട് എങ്കിലും അത് വിഷ്വലൈസ് ചെയ്യുന്നത് വ്യത്യസ്ത അനുഭവമായിരുന്നു. നമ്മുടെ എല്ലാവരുടെയും മനസ്സില്‍ മുത്തശ്ശിക്കഥകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അത് വര്‍ക്കൗട്ട് ആകുമെന്ന് എനിക്ക് തോന്നി. ആകാശഗംഗ കണ്ട് പേടിച്ച കഥയൊക്കെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കിയ കാര്യമായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ ചിത്രം.

വെല്ലുവിളികള്‍ ഏറ്റെടുക്കാനിഷ്ടമുള്ള ഒരാളാണ് ഞാന്‍…

സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ ഒരു സിനിമ ഇത്രയും വലിയ വിജയമായി തീരുന്നത് അന്നത്തെ കാലത്ത് ഒരു പുതിയ ചുവടുവയ്പ്പായിരുന്നു. എന്നിരുന്നാലും പരിചയസമ്പന്നരായ ഒരുപിടി മികച്ച അഭിനേതാക്കളായിരുന്നു ആ സിനിമയുടെ നട്ടെല്ല്. സുകുമാരി ചേച്ചി, മയൂരി, കല്‍പ്പന, കലാഭവന്‍ മണി, ശിവജി, എന്‍.എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങി പലരും ഇന്ന് നമുക്കൊപ്പമില്ല. അതൊരു വല്ലാത്ത നഷ്ടം തന്നെയാണ്. എന്നിരുന്നാലും വെല്ലുവിളികള്‍ ഏറ്റെടുക്കാനിഷ്ടമുള്ള ഒരാളാണ് ഞാന്‍. പുതിയ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു ഹൊറര്‍ സിനിമയെടുക്കുമ്പോള്‍ അതിന്റേതായ ഗുണങ്ങളുമുണ്ട്. സാങ്കേതികവിദ്യ ഒരുപാട് മുന്നോട്ട് പോയി. അതെല്ലാം അനുകൂല ഘടകങ്ങളാണ്.

രമ്യാ കൃഷ്ണന്‍…

ബാഹുബലിയിലെപ്പോലെ തന്നെ വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് രമ്യാ കൃഷ്ണന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുര്‍മന്ത്രവാദം ചെയ്യുന്ന ഒരു സ്ത്രീയെയാണ് രമ്യ അവതരിപ്പിക്കുന്നത്. കഥയെഴുതി തീര്‍ന്നപ്പോള്‍ ഒരു നല്ല അഭിനേത്രി തന്നെ ആ വേഷം ചെയ്യണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് രമ്യയിലെത്തിയത്. കഥ കേട്ടപ്പോള്‍ രമ്യക്ക് ഇഷ്ടമായി. അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തു.

Related posts