ഇടുക്കി അണക്കെട്ട്; ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സജ്ജമാക്കി

Idukki-dam-water

കൊച്ചി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വിവിധ സേനാ വിഭാഗങ്ങളെ സജ്ജമാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം എത്തി. തൃശ്ശൂര്‍, ഇടുക്കി എന്നീ ജില്ലകളിലും ഓരോ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു എം.ഐ. 17 വി. ഹെലികോപ്ടറും എ.എല്‍.എച്ച്. ഹെലികോപ്ടറും സദാ സജ്ജമാണ്. നാവികസേനയും കരസേനയുടെയും നാല് സംഘം ദുരന്തനിവാരണ സാമഗ്രികള്‍ക്കൊപ്പം തയ്യാറാണ്. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘമുണ്ട്. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അതാത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts