ആന്റിബയോട്ടിക്കുകള്‍ ചുമ്മാ കഴിക്കാനുള്ളതല്ല

ആന്റിബയോട്ടിക്കുകള്‍ കൃത്യമായി രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്നു മാത്രമല്ല, ദോഷമുണ്ടാകുകയും ചെയ്യും. ഇവ കൃത്യമായി, ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന രീതിയില്‍ കഴിച്ചാല്‍ ഗുണം ലഭിയ്ക്കുകയും ചെയ്യും. ഒരിക്കലും ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഇവ കഴിയ്ക്കുവാന്‍ പാടുള്ളതുമല്ല. മിക്ക സന്ദര്‍ഭങ്ങളിലും, ആന്റിബയോട്ടിക്കുകള്‍ ഒരു ‘കോഴ്‌സ്’ ആയി എടുക്കേണ്ടതുണ്ട്. എന്ത് മരുന്നാണ് കഴിക്കേണ്ടതെന്നും എത്ര ദിവസമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്നും, എത്ര അളവിലാണ് കഴിക്കേണ്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍ അറിയിക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മരുന്നിന്റെ ഫലം കണ്ട് തുടങ്ങുമെങ്കിലും, നിങ്ങള്‍ക്ക് എത്രമാത്രം സുഖം തോന്നുന്നുവെന്ന് പറഞ്ഞാലും, ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്നുകള്‍ മുഴുവന്‍ തീര്‍ക്കേണ്ടത് വളരെ പ്രധാനമാണ്. ആന്റിബയോട്ടിക് കോഴ്‌സുകള്‍ ചില സന്ദര്‍ഭങ്ങളില്‍ 2 മുതല്‍ 5 ദിവസം വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. മരുന്നിന്റെ ഫലത്തെക്കുറിച്ച് രോഗബാധയുള്ള ജീവികളില്‍ നടത്തിയ ശരിയായ ഗവേഷണത്തെ തുടര്‍ന്നാണ് മരുന്നിന്റെ ഈ ഡോസ് / അളവ് വികസിപ്പിച്ചത്. ഒന്നോ രണ്ടോ ഡോസുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് സുഖം തോന്നുന്നുവെങ്കില്‍പ്പോലും മരുന്നിന്റെ ഡോസ് പൂര്‍ത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. അപൂര്‍ണ്ണമായ ഡോസുകള്‍ അണുബാധയുടെ ആവര്‍ത്തനത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, അപൂര്‍ണ്ണമായ ഡോസുകള്‍ മൂലം ഭാവിയില്‍ ശരീരം ഇതേ മരുന്നുകളോട് പ്രതികരിച്ചില്ലെന്നു വരാം. അടുത്ത തവണ അസുഖം വരുമ്പോള്‍ ഇതുമൂലം മരുന്നുകള്‍ നിങ്ങളെ സഹായിച്ചേക്കില്ല. അപൂര്‍ണ്ണമായ ഡോസിന് ശേഷം ശരീരത്തില്‍ വികസിക്കുന്ന ബാക്ടീരിയ മരുന്നിനെ പ്രതിരോധിക്കും.

Related posts